കഥ : ഓർമയുടെ തൊട്ടാവാടി - എന്റെ സ്കൂൾ
രചന : നൗഫൽ എരവട്ടൂർ
കരിമ്പനടിച്ചു തുടങ്ങിയ യൂണിഫോമിന്റെ, കുടുക്കിടുന്നതിന്റെ താഴത്തെ അറ്റം എപ്പോഴും കീറിയിട്ടുണ്ടാവും....
വാറു പൊട്ടിയ വള്ളിച്ചെരുപ്പിന്റെ, മൂക്കിന്റെ തുളയിലൂടെ കുപ്പായത്തിന്റെ അറ്റം കയറ്റി, ചെരുപ്പിന്റെ വള്ളി വലിച്ചിടുന്ന ആ കുണുക്ക് വിദ്യയാണ് ഞാൻ പഠിച്ച ആദ്യത്തെ സയൻസ് .....
തൊട്ടാവാടിയില വാടാണ്ട് പറിക്കണം....
സ്കൂളിന്ന് അടി കിട്ടാണ്ട് രക്ഷപ്പെടുമത്രെ...
ബുദ്ധി ഒടുക്കത്തെയാണ്...വേറെ വഴിയില്ല......
ഇതെങ്കിൽ, ഇത്....
ഹോം വർക്ക് ചെയ്തിട്ടില്ല.... അടികൊള്ളാൻ വയ്യ..😔
മേടവെയിൽ മൂത്തു തുടങ്ങി....
ഒരൊറ്റ എണ്ണം വാടാതെ കിട്ടുന്നില്ല... ഒടുവിൽ അടികൊള്ളാനുറച്ച്,
സ്കൂളിലേക്ക് വച്ചുപിടിച്ചു... നിഴലിന് വലിപ്പം കുറഞ്ഞു തുടങ്ങി...
ഒച്ചയനക്കമില്ല...
സ്കൂളും പറമ്പും നിശബ്ദമാണ്....
മനസ്സ് പെരുമ്പറ കൊട്ടിത്തുടങ്ങി...
നേരം എന്തായാലും വൈകീട്ടുണ്ട്... അത് എത്രയാണെന്ന് തിട്ടമില്ല...
പുറകിലൊരു മുരടനക്കം... ബാബു മാഷാണ്....
രണ്ടാം പിരീഡ് കഴിഞ്ഞ്, ഇന്റർ ബെല്ലിന്... ചായ കുടിച്ചിട്ടുള്ള വരവാണ്....
ഉണ്ടായ കാര്യം പറഞ്ഞു...
"ആ കണക്ക് ചെയ്തു കൊണ്ടുവന്നാൽ അടി കൊള്ളൂലാലോ"...
" അല്ലാതെ തൊട്ടാവാടി പറിക്കാൻ പോയാൽ " ...
"നേരം വൈകിയതിനും കിട്ടും"
"കണക്ക് ചെയ്യാത്തതിന് വേറെയും കിട്ടും" എന്തായാലും അടികിട്ടിയില്ല...
ഉപദേശിച്ചു വിട്ടു....
❤️❤️❤️❤️❤️
അരിക്കാം കാവിൽ എൽ.പി സ്കൂൾ. ഞാൻ പഠിച്ച സ്കൂൾ ആണ്...
മൂന്ന് കുഞ്ഞബ്ദുള്ള ( മാഷ്)മാരുടെ ഒരു ത്രയമാണ് അന്നവിടെ.....
ഒരാൾ ഹെഡ്മാഷ്...
ഒരാൾ കണക്കിന്....
ഒരാൾ അറബിക്...
പിന്നെ....
അനിത ടീച്ചറും
ഉഷ ടീച്ചറും
പ്രസന്ന ടീച്ചറും
നേരത്തെ പറഞ്ഞ ബാബു മാഷും... ഉഷ ടീച്ചർ പുതുമോടിയാണ്...
ആ കൊല്ലം എങ്ങാണ്ട് വന്നേയുള്ളൂ.. ക്ലാസിൽ എപ്പോഴും കുട്ടിക്കൂറാ പൗഡറിന്റെ മണം നിറഞ്ഞു നിൽക്കും....
സ്കൂൾ വിട്ട് വേറെ എവിടെയെങ്കിലും പോവാനുണ്ടെങ്കിൽ, ടീച്ചർ ഒരു കൈകണ്ണാടിക്കു മുന്നിൽ നിന്ന് ഒരുങ്ങുന്നത് കാണാം..... ബാഗിൽ എപ്പോഴും ഒരു കുട്ടിക്കൂറ പൗഡറിന്റെ ചെറിയ ഡപ്പി ഇരിപ്പുണ്ടാവും.....
ഒരിക്കൽ ഒരു കൊതി കൊണ്ട്....
ഇത്തിരി പൗഡർ ചോദിച്ചത് ഇപ്പോഴും നോട്ടുബുക്കിന്റെ നടുപേജിൽ ഇരിപ്പുണ്ട്...
❤️❤️❤️❤️❤️❤️❤️
പിന്നീട്....
പനിച്ച് വിറച്ച ഒരു പകലിൽ....
ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടറെ കണ്ടു ഉള്ള വരവിൽ.... പതിവ് കിട്ടുന്ന ചായക്കും ബോണ്ടക്കും പകരം.... കുട്ടിക്കൂറ പൗഡർ മതിയെന്ന് ഉമ്മാനോട് വാശിപിടിച്ചു കരഞ്ഞത് ഓർക്കുന്നു....
❤️❤️❤️❤️❤️❤️❤️❤️❤️
നാട്ടിൻപുറത്തെ സ്കൂൾ ആവുമ്പോ അങ്ങനെയാണ്.....
150 ഓളം കുട്ടികൾ....
7 അധ്യാപകർ....
അവർക്കിടയിൽ വല്ലാത്തൊരു വൈകാരിക ബന്ധമുണ്ടാവും....
ഒരിക്കൽ ഉമ്മ അനിയന് പ്രസവിച്ച സമയത്ത്, വല്യുപ്പ എന്നെ കൂട്ടാൻ സ്കൂളിൽ വന്നു....ടീച്ചർ വന്ന കാര്യം തിരക്കി....
" ഇവന്റെ ഉമ്മാക്ക് ഇവനെ ഒന്ന് " എന്ന് മാത്രം പറഞ്ഞുള്ളൂ.... വല്യുപ്പ..
അത് ശരി....
" ബിയാത്തു പ്രസവിച്ചോ... എന്താ കുട്ടി "
ആ ഒരു ചോദ്യത്തിനും ഉത്തരത്തിനും ഇടയിൽ വൈകാരികമായൊരു കെമിസ്ട്രിയുണ്ട്.... സ്കൂളിൽ വരുന്ന ഓരോ കുടുംബത്തിന്റെയും സ്പന്ദനങ്ങൾ അവർ തിരിച്ചറിയുന്നുണ്ട്.... അല്ലെങ്കിൽ എൻറെ ഉമ്മ ഗർഭിണിയാണെന്നും പ്രസവിച്ചു എന്നും ടീച്ചർ അറിയുന്നതെങ്ങനെ.....
❤️❤️❤️❤️❤️❤️❤️❤️
കുഞ്ഞോള്ള മാഷ് കണക്ക് തരും.. ചൂരൽ വെടിയെടുത്ത്, ബഞ്ചിനിടയിലൂടെ നടക്കും ... മൂക്കിന്റെ തുമ്പിൽ നിലയുറപ്പിച്ച, കണ്ണാടി ... മാഷ് തെറ്റും ശരിയും പറയും... ചെയ്യാൻ ഞാൻ നോട്ടുബുക്കിലെ അടുത്ത പേജ് മറിച്ചു....
ഉള്ളൊന്നു കാളി....
നോട്ടുബുക്ക് അവിടെ തീർന്നിരിക്കുന്നു....
അപ്പുറവും ഇപ്പുറവും എഴുതിയ കണക്കും മലയാളവും തമ്മിൽ മുട്ടി പോയിരിക്കുന്നു....
നിസ്സഹായതയുടെ ആ മരവിച്ച നിമിഷത്തിൽ ഞാൻ ഇടതും വലതും നോക്കി....
വിയർത്തു...
മൂക്കിന് തുമ്പിലെ കണ്ണാടിക്ക് മുകളിലൂടെ മാഷ് നോട്ടുബുക്ക് മറിച്ചു....
"കണക്കിന് വേറെ നോട്ടില്ലെടോന്ന് ചോദിച്ചു...."
ഉത്തരവും പറഞ്ഞില്ല... മുഖത്തേക്കും നോക്കിയില്ല...
അതവിടെ തീർന്നു...
സ്കൂൾ വിട്ട് പോണവഴിക്ക് മാഷ്, ചുമലിൽ ചേർത്ത് ... "വാടോന്ന് " പറഞ്ഞു കൂട്ടി...
200പേജിന്റെ വരയിട്ടൊരു നോട്ട് വാങ്ങിത്തന്നിട്ട്... മാഷ് പറഞ്ഞു ഉപ്പാനോട് ഞാൻ പറഞ്ഞോളാം...
കിഴക്കയിൽ ഇബ്രായിക്ക്, കൂലിപ്പണിയാണെന്നും... കാലിന്റെ തുടയിൽ ഒരു കുരു ഉണ്ടായിട്ട്, രണ്ടാഴ്ചയായി പണിക്കു പോയിട്ടില്ലെന്നും...
നോട്ടുബുക്ക് വാങ്ങി കൊടുക്കാൻ അവന് പറ്റിയിട്ടുണ്ടാവില്ല എന്നും...
മനസ്സിലാക്കാൻ ഒരു അധ്യാപകന് കഴിഞ്ഞെങ്കിൽ....
ആ കരുതലിന്റെ പേരാണ്.....
" അധ്യാപനം...."
അത് മനസ്സിലാക്കാൻ എനിക്ക് വേണ്ടി വന്നു, വീണ്ടും കുറെ വർഷങ്ങൾ...
ആ സ്നേഹം കൊണ്ടാണ് ഞങ്ങൾ വളർന്നത്....
ആ തണലേറ്റാണ് ഞങ്ങൾ തളിർത്തത്..
അക്ഷരങ്ങൾക്കും അപ്പുറം മാനുഷികമായ ചില മൂല്യങ്ങളുമുണ്ട്..
വിദ്യാഭ്യാസത്തിന് എന്ന് മനസ്സിലാക്കിയത് അപ്പോഴാണ്....
❤️❤️❤️❤️❤️❤️❤️❤️
സ്കൂൾ വിട്ട് വരുന്ന വഴിക്ക് ഞങ്ങൾ രണ്ടു വഴിക്ക് പിരിയും....
പ്രസന്ന ടീച്ചറുടെ മകൻ വിവേകും, ഹരീട്ടനും, ഒരു വഴിക്കും...
ഞാൻ വേറെ വഴിക്കും...
അയൽവാസികൾ ആണെങ്കിലും ഞങ്ങൾക്ക് വീട്ടിലെത്താൻ രണ്ടു വഴികളു ണ്ട്..…
അവൻറെ കൂടെ പോകാൻ അവൻ കുറെ നിർബന്ധിക്കും....
കൂട്ടാക്കുന്നില്ല എന്ന് കണ്ടാൽ അവനൊരു ഓഫർ മുന്നോട്ടുവയ്ക്കും....
" ഈയാഴ്ചത്തെ ബാലരമ തരാം "...
തൊണ്ണൂറുകളുടെ ബാല്യത്തിന് ഇതിൽപരം മറ്റെന്ത്... യാന്ത്രികമായി ഞാൻ അവന്റെ പിന്നാലെ നടക്കും.... ടീച്ചറുടെ വീട്ടിലെ കരിങ്കല്ല് പാകിയ നടവഴിയിൽ....
മതിലിലെ പൂപ്പൽ കൈകൊണ്ട് കോറി ഞാൻ നിൽക്കും....
"കേറി വാന്ന്" പറഞ്ഞ് ടീച്ചർ വിളിക്കും...
ചിലപ്പോഴൊക്കെ നാട്ടുമാങ്ങ കടലാസിൽ പൊതിഞ്ഞു തരും....
കുപ്പായത്തിൽ കറയാക്കി ഉമ്മാനോട് ചീത്ത കേൾപ്പിക്കണ്ടാന്ന് ഉപദേശിക്കും....
അതൊരു കൈക്കൂലിയാണ്...
ഈർക്കിലി വടിയെടുത്ത് ഒന്ന് തല്ലി പ്പോയതിന്റെ....
അല്ലെങ്കിൽ മുഖം കറുപ്പിച്ച് ഒന്ന് ശാസിച്ചു പോയതിന്റെ കൈക്കൂലി....
" ഒരു നാട്ടു മാങ്ങയിൽ രണ്ടു മനസ്സുകളുടെ നോവും മാറും..."
❤️❤️❤️❤️❤️❤️❤️
അവസാനം കാണുമ്പോ, ടീച്ചറുടെ മുഖത്ത് ഒരു കണ്ണാടി ഉണ്ടായിരുന്നു....
പക്ഷേ...
പ്രായമായിട്ടുണ്ടായിരുന്നില്ല... സ്കൂളിന്ന് പിരിഞ്ഞില്ലെങ്കിലും.... ജീവിതത്തിന്ന് പിരിയേണ്ടി വന്നു ടീച്ചർക്ക്...
🙏🙏🙏🙏🙏🙏
എത്ര സന്തോഷങ്ങളെയാണ് മരണം കാലത്തിന്റെ വിലങ്ങണിയിക്കുന്നത്...??
ടീച്ചറുടെ ഓർമ്മകൾക്കു മുമ്പിൽ ഒരു നിമിഷം....
🙏🙏🙏🙏🙏🙏🙏🙏🙏
വൈകുന്നേരം മാത്രം പെയ്യുന്ന ഒരു മഴക്കോളുണ്ട്...
ഒപ്പം കാറ്റും...
അപ്പോ സ്കൂൾ നേരത്തെ വിടും... പിന്നാലെ ടീച്ചറുമെത്തും....
ബിയാത്തോ....
കുട്ട്യോളങ്ങെത്തീല്ലെന്ന്... വിളിച്ചു ചോദിക്കും... എത്തി എന്ന് പറഞ്ഞ് ഉമ്മ ഉമ്മറത്തേക്ക് പോകും...
അകത്ത്...
ഇരമ്പിയെത്തുന്ന, കർക്കിടകപ്പെയ്ത്തിനൊപ്പം..
കുത്തരി ചോറും... കാച്ചിയ മോരും... ചുട്ട പപ്പടവും...
എന്റെ വയറു നിറയ്ക്കും...
ഓർമ്മകൾക്കെന്നും...
സ്വാദും...
സുഗന്ധവുമാണ്...
❤️❤️❤️❤️❤️❤️❤️
നാട്ടിൻപുറത്തെ ഈ സ്കൂളിൽ പഠിച്ചിട്ട് എന്ത് നേടി എന്ന ചോദ്യത്തിന്...
ഒരു ഉത്തരമുണ്ട്...
തോളിൽ ചാർത്തി കിട്ടിയ ബിരുദങ്ങൾക്കുമപ്പുറം... ഞങ്ങൾ പഠിച്ചത്...
" സ്നേഹത്തിന്റെ... ദയയുടെ... അലിവിന്റെ... കരുതലിന്റെ....
മനുഷ്യത്വത്തിന്റെ..."
നല്ല പാഠങ്ങളായിരുന്നു...
വീണ്ടുമൊരു ജൂൺമാസം വന്നെത്തി. എൻറെ പ്രിയപ്പെട്ട അധ്യാപകർ പലരും, വിശ്രമ ജീവിതം നയിക്കുന്നു. അവർ പഠിപ്പിച്ചു വളർത്തിയവരാണ്. ഇപ്പൊ സ്കൂളിനെ നയിക്കുന്നവരും, നന്മയുടെ ശേഷിപ്പുകൾ.
അവരിലും ബാക്കിയില്ലാതിരിക്കില്ല...
ഓർമ്മയിലിപ്പോഴും..
മായാതെ കിടപ്പുണ്ട്..
വാടാതെ പറിച്ചൊരു....
തൊട്ടാവാടി...
ശുഭം...