കഥ : ബാക്കിപത്രം
രചന ; നബീല ഫർസാന
മൗനം തിങ്ങിയ അകത്തളങ്ങൾ അന്ധകാരത്തിലാണ്. മൂടി കെട്ടിയ പല മുഖങ്ങൾ പോലെ..
പാതി ചാരിയ വാതിൽ തുറന്നതും ഇരുട്ടിൽ നിന്നും വിതുമ്പുന്ന ശബ്ദം കേട്ടു.
കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്ന അമ്മയിൽ നിന്നാണതെന്ന് ഓർത്തതും അറിയാതെ ഒരു നിശ്വാസം എന്നിൽ നിന്നും ഉയരുന്നതുപോലെ തോന്നി.
ആരാണ് വാതിൽ തുറന്നു വന്നതെന്ന് ചിലപ്പോൾ അമ്മ നോക്കിയിട്ടുണ്ടാവാം.
അല്ലെങ്കിൽ,
പ്രതീക്ഷിക്കുന്ന ആൾ ഇനി വരാനില്ലെന്ന് അറിവുള്ളത് കൊണ്ട് അതിനും മെനകെട്ടിട്ടുണ്ടാവില്ല.
തുറന്നിട്ട ജനാലക്കിടയിലൂടെ അമ്മയുടെ മിഴികൾ ചെന്ന് നിൽക്കുന്നത് തെക്കേ തൊടിയിൽ ബാക്കി ആയ നെരിപ്പോടിലേക്ക്.
അമ്മയുടെ ശ്രദ്ധ തിരിച്ചു പുറകിൽ നിന്ന് വിളിക്കാനോ, അമ്മയിപ്പോൾ ഉള്ള ലോകത്ത് നിന്നും പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല.
അമ്മ ഇപ്പോൾ ആഗ്രഹിക്കുന്നത് അച്ഛനോടൊപ്പം ബാക്കി വെച്ച അവരുടേതായ ഓർമ്മകളിൽ ജീവിക്കാൻ ആവും.
"അവന് കട ബാധ്യതകൾ എന്തെങ്കിലും ഒക്കെ ഉണ്ടാവുമോ മോനെ....?
അച്ഛന്റെ ചിത കത്തി തീരുന്നതിനു മുന്നേ പലരിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞു വന്നതാണീ മുറിയിൽ.
അമ്മയോട് ചോദിക്കാൻ ആവില്ല.
ഇന്നത്തെ വരവ് ചിലവുകൾ എഴുതി വെക്കട്ടെ, അല്ലെങ്കിൽ പിന്നെ കടം കൊടുത്തതും വാങ്ങിയതും മറന്നുപോകും.
ചെറുതിലെ ഓർമ്മകളിൽ മിഴിവോടെ നിൽക്കുന്ന ഒന്നാണ് ഉറക്കം വന്നു കണ്ണുകളിൽ മൂടിയാലും അച്ഛനെ കാത്തിരിക്കുന്ന തന്നോട് അച്ഛൻ വരാൻ താമസിക്കും മോൻ കിടന്നോ... എന്ന് പറഞ്ഞു കൊണ്ട് കവിളിൽ ഉമ്മ തന്ന് വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന അമ്മയെ , മയക്കം വീഴുന്ന മിഴികൾ അവസാനം കാണുന്നതും, റൂമിലെ മേശക്കരികിൽ വലിച്ചിട്ട കസേരയിൽ ഇരുന്നു കൊണ്ട് ഡയറിയിൽ എന്തൊക്കെയോ കുത്തി കുറിക്കുന്ന അച്ഛനെ തന്നെയാവും.
ഇന്നും ആ ഡയറി ഈ മേശമേൽ ഉണ്ട്. വർഷങ്ങളോ മാസങ്ങളോ അടയാള പെടുത്തിയിട്ടില്ലാത്ത കടും കാപ്പി നിറത്തിൽ ഉള്ള ഡയറി.
ആദ്യ പേജുകളിലെ അക്ഷരങ്ങളെല്ലാം കാലപ്പഴക്കം കാരണം മങ്ങിയിട്ടുണ്ട്. അത് വായിച്ചെടുക്കാൻ ഉള്ള താല്പര്യവും ഉണ്ടായിരുന്നില്ല.
പേജുകൾ മറിക്കുന്തോറും കണ്ടു ഒതുക്കത്തോടെ എഴുതി വെച്ച കണക്കുകൾ. ഒരു മിട്ടായി മേടിച്ച കണക്ക് പോലും കൃത്യമായി എഴുതി ചേർത്തിരിക്കുന്നു.
അച്ഛന് എന്തിനാണ് കണക്ക് ഇല്ലാത്തത്. ഞങ്ങളെ വളർത്തിയതിനും കൃത്യമായി കാണക്ക് ഉണ്ടാവുമല്ലോ ?
അച്ഛനോളം വലതായെന്ന് തോന്നിയ ചോരത്തിളപ്പിൽ എപ്പോഴോ അച്ഛനോട് ചോദിച്ചു പോയതാണ്. അന്നാ മുഖത്തെ ഭാവം തിരിച്ചറിയാൻ ശ്രമിച്ചിരുന്നില്ല.
നിറം മങ്ങിയ ഓരോ പേജിലും മക്കൾക്ക് വേണ്ടി കടം മേടിച്ചതും, ചിലവാക്കിയതിന്റെയും കണക്കുകൾ ഉണ്ടായിരുന്നു.
തങ്ങൾക്ക് വേണ്ടി കടം മേടിച്ച പൈസകൾക്ക് കണക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്. ചോദിക്കുമ്പോയെക്കും അമ്മയുടെ കയ്യിൽ കൊടുത്തു വിടുന്ന പൈസകൾക്ക് ഞങ്ങൾക്ക് കണക്ക് ഇല്ലായിരുന്നു. അച്ഛന്റെ കയ്യിൽ ഉണ്ടല്ലോ തന്നാൽ എന്താ എന്ന ചിന്തമാത്രം ആയിരുന്നു.
കുട്ടിക്കാലത്ത് അച്ഛന്റെ നിഴൽ പറ്റി നടന്നിരുന്ന ഞാൻ എങ്ങനെ അച്ഛന്റെ സാമിപ്യത്തിൽ നിന്ന് ഒളിച്ചോടി?
അറിയില്ല..
ഡയറിയുടെ ഓരോ താളിലും മക്കളെ കുറിച്ചുള്ള പ്രതീക്ഷകളും പ്രാർത്ഥനകളും ഉണ്ടായിരുന്നു. നല്ല ജോലി കിട്ടി വിദേശത്തേക്ക് പറന്ന് പൈസക്ക് ബുദ്ധിമുട്ട് ഇല്ലാത്ത കാലത്ത് പോലും ആലോചിച്ചിട്ടില്ല എങ്ങനെ അച്ഛൻ എന്നെ പഠിപ്പിച്ചു എന്ന്. പക്ഷെ തന്റെ ഈ ഉദ്യോഗത്തിന് പിന്നിൽ അച്ഛന്റെ കഷ്ടപ്പാടുകൾ എത്ര ആയിരുന്നു എന്നീ ഡയറി താളുകളിൽ വ്യക്തമായി വരച്ചിട്ടിട്ടുണ്ട്.
പേജുകൾക്കിടയിൽ അടയാളം പോലെ വെച്ച നീല മഷിയുള്ള പേന!!!!
അച്ഛൻ അവസാനം എഴുതിയ താളും ഇതാവാം.
ഉണങ്ങാത്ത മഷിയുടെ ഗന്ധം. തെളിമയേറിയ വൃത്തിയുള്ള കൈപ്പടകളാൽ അതിൽ ഇപ്രകാരം എഴുതി ചേർത്തിരിക്കുന്നു..
''കുട്ടൻ ഇന്നും വിളിച്ചിരുന്നു. എന്നത്തേയും പോലെ ചെവി കൂർപ്പിച്ചിരിക്കുമ്പോൾ സംസാരത്തിനിടയിൽ അവൾ ചോദിക്കുന്നത് കേട്ടു..
"കുട്ടാ അച്ഛൻ ഇവിടെ ഉണ്ട്... ഞാൻ കൊടുക്കട്ടെ..?"
വളരെ പ്രതീക്ഷയോടെ ഫോൺ തന്റെ അരികിലേക്ക് എത്തി ചേരുന്നത് നോക്കി നിന്നത് മിച്ഛം. എന്നത്തേയും പോലെ അവൾ പിന്നെ വാക്കുകൾ ഇല്ലാതെ പതുങ്ങിയ ശബ്ദത്തിൽ മുക്കിമൂളുന്നത് കേട്ടിരുന്നു.. പതുങ്ങിയ ശബ്ദത്തിൽ മുക്കിമൂളുന്നത് കേട്ടിരുന്നു..
അവൻ എന്താ പറഞ്ഞതെന്ന് എനിക്കറിയില്ലല്ലോ? ഞാൻ ചോദിക്കാനും പോയിട്ടില്ല. വിഷമിപ്പിക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഇന്ന് അവൾക്ക് അത് മതിയാവും.
അറിയാത്ത പോലെ നിന്നു...
അവളെ എന്നും വിളിക്കുന്നുണ്ട്, അവിടെ സുഖമാണെന്ന് അറിയുന്നുണ്ട്. അത് മതി.
അത്രമാത്രം..........
അല്ലെങ്കിലും കുറച്ചു വലുതായാൽ അച്ഛനോട് മിണ്ടാൻ ആണ്മക്കൾക്ക് മടിയാവുമെന്നെ...
എങ്കിലും കുട്ടന്റെ ശബ്ദം ഒന്ന് കേട്ടിട്ട് വർഷം രണ്ടായെന്ന് ഓർക്കുമ്പോഴാണ് സങ്കടം..... ''
അച്ഛന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ.
അക്ഷരങ്ങൾക്ക് മേൽ അറിയാതെ വീണുപോയ രണ്ടുതുള്ളി കണ്ണുനീർ...
അച്ഛന്റെ ഹൃദയം തന്നെ ആണ് തനിക് മുന്നിൽ തുറന്നു കിടക്കുന്നത്.
"ഞാൻ ഒരിക്കലും മനസ്സിലാക്കാൻ ശ്രമിക്കാത അച്ഛന്റെ ഹൃദയം.."
താൻ നേടി എടുത്തു എന്ന് കരുതിയ എന്റെ സ്വപ്‌നങ്ങൾ എല്ലാം അച്ഛന്റെതായിരുന്നു എന്ന് എനിക്ക് ഇന്ന് മനസ്സിലാവുന്നുണ്ട്. അറിയുന്നുണ്ട്...
അവസാന താളിൽ പോലും അച്ഛന് യാതൊരു ബാധ്യതകളും കുറിച്ച് വെച്ചിട്ടില്ല.
പക്ഷെ.......,
അച്ഛനോട് കടങ്ങളും ബാധ്യതകളും ഉള്ളത് തനിക്കാണ്...
ഇനി ഒരിക്കലും വീട്ടാൻ ആവാത്ത വിധമുള്ള ബാധ്യതകൾ.
"സ്നേഹം എന്ന മൂന്നക്ഷരത്തിൽ ഒളിപ്പിച്ചു വെച്ച തീർത്താൽ തീരാത്ത വിധമുള്ള ബാധ്യത.."
ഞാൻ കണ്ട അച്ഛന്റെ ഡയറി ഒരു ബാക്കിപത്രം ആയിരുന്നു!!!!
"മനഃപൂർവം താൻ മറന്നുപോയ പലതും ഓർമ്മിപ്പിക്കുന്ന ബാക്കിപത്രം".