സന്തോഷേട്ടാ... നിങ്ങളോട് നേരിട്ട് പറയാനുള്ള ധൈര്യമെനിക്കില്ല. എന്നും സ്നേഹമാണ്. കൂടെ ജീവിക്കണമെന്ന് ആഗ്രഹവുമുണ്ട്. അത്യാഗ്രഹമായി പോകുമോയെന്ന് അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കത്ത്. കൂടുതൽ സംസാരിക്കാറില്ലെങ്കിലും ആഴ്ച്ചയിൽ ഒരു തവണയെങ്കിലും നമ്മൾ കാണാറുണ്ട്. ഇനിയും കാണും. എത്രയും പെട്ടെന്ന് നിങ്ങൾക്കെന്നെ കണ്ടെത്താൻ പറ്റട്ടെ.. എന്ന്

 

kathu - malayalam story

 

കഥ : കത്ത് 

രചന  : ശ്രീജിത്ത് ഇരുവിൽ

 

കാലത്ത് ആരാണ് എനിക്കൊക്കെ കത്തയക്കാനെന്ന ചിന്തയുമായാണ് ഞാനത് തുറന്ന് വായിച്ചത്.

 

''സന്തോഷേട്ടാ... നിങ്ങളോട് നേരിട്ട് പറയാനുള്ള ധൈര്യമെനിക്കില്ല. എന്നും സ്നേഹമാണ്. കൂടെ ജീവിക്കണമെന്ന് ആഗ്രഹവുമുണ്ട്. അത്യാഗ്രഹമായി പോകുമോയെന്ന് അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കത്ത്. കൂടുതൽ സംസാരിക്കാറില്ലെങ്കിലും ആഴ്ച്ചയിൽ ഒരു തവണയെങ്കിലും നമ്മൾ കാണാറുണ്ട്. ഇനിയും കാണും. എത്രയും പെട്ടെന്ന് നിങ്ങൾക്കെന്നെ കണ്ടെത്താൻ പറ്റട്ടെ.. എന്ന് ....

 

എന്തു പറയാനാണ്...! 

നാല് കുത്തുകൾ എനിക്ക് കത്ത് അയച്ചിരിക്കുന്നു....! 

അതും പ്രേമലേഖനം....! 

കുത്തുകൾ പൂരിപ്പിക്കാൻ എനിക്ക് സാധിച്ചില്ല. ആരെങ്കിലും കളിയാക്കാൻ വേണ്ടി അയച്ചതാണോയെന്നും പറയാൻ പറ്റില്ല. എന്തെങ്കിലുമാകട്ടെയെന്ന്, ചിന്തിച്ച് വിഷയം വിട്ടുകളയാനും പറ്റുന്നില്ല. 

 

എന്നാലും....ആരായിരിക്കുമത്...????

 

കത്ത് കൈപ്പറ്റിയതിന് ശേഷം ഇടപെടുന്ന സകല മനുഷ്യരേയും ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. വെറുതേ കളിപ്പിക്കാൻ നിക്കല്ലേയെന്ന് മറുപടി അയച്ചപ്പോൾ കവറിൽ ഉണ്ടായിരുന്ന വിലാസം തെറ്റാണെന്ന് മനസ്സിലായി. ഒരുനാൾ അച്ചാറ് അയക്കാൻ പോസ്റ്റോഫീസിലേക്ക് പോയപ്പോഴാണ് മറുപടി കത്ത് തിരിച്ചുവന്നിരിക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞത്.

 

എന്റെ ഓട്ടോയിൽ കയറുന്ന പതിവുകാർക്കൊന്നും ഇങ്ങനെയൊക്കെ എഴുതാനുള്ള മുഖമുണ്ടെന്ന് കരുതാനേ സാധിക്കുന്നില്ല. അമ്മയുണ്ടാക്കുന്ന അച്ചാറ് വാങ്ങാൻ വരുന്നവരിൽ തീരേ സാധ്യതയില്ല. ഓൺലൈൻ വിൽപ്പനയുള്ളത് കൊണ്ട് പോസ്റ്റോഫീസുമായാണ് അടുത്ത ബന്ധം. അവിടെ മിക്കപ്പോഴും ഉണ്ടാകുന്ന പെൺപിള്ളാരെയൊക്കെ ഞാൻ ഓർത്തെടുത്തു. ബീനയാണ് അവിടുത്തെ ബ്രാഞ്ച് മാസ്റ്റർ. ചെറുപ്പം തൊട്ടേ എനിക്ക് അറിയാവുന്ന കുടുംബമാണ് ബീനയുടേത്. തന്റെ അച്ഛൻ മരിച്ചപ്പോൾ കുടുംബത്തെ തോളിലേക്ക് വെച്ച പെണ്ണിന് ഒരിഷ്ട്ടം പറയാനുള്ള ധൈര്യമുണ്ടാകാതെ തരമില്ല.

 

അല്ലെങ്കിലും....

 

ജീവിതം മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലുള്ള തലകളിൽ എവിടെയാണ് പ്രേമം!!!!! 

 

പിന്നെയുള്ളത് രാഘവൻ മേസ്തിരിയുടെ മകൾ അനുപമയായിരുന്നു. അങ്ങനെ സംശയിക്കാൻ തക്കതായ ഒരു കാരണമുണ്ട്.

 

അന്ന് നാട്ടിലെ ബസ്സ്റ്റോപ്പിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എനിക്കൊരു ഓട്ടം കിട്ടി. അനുപമയായിരുന്നു കയറിയത്. മേസ്തിരിയുടെ മകളാണെന്നതിനും അപ്പുറം എനിക്ക് അവളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. എന്നിട്ടും സന്തോഷേട്ടന് സുഖമല്ലേയെന്ന് ഇറങ്ങുമ്പോൾ അവൾ ചോദിച്ചു. ചില്ലറയില്ലെന്ന് പറഞ്ഞപ്പോൾ ബാക്കി വെച്ചോളൂവെന്നും പറയുകയായിരുന്നു. സാധാരണ നിലയിൽ ഇതിലൊന്നും യാതൊരു അസ്വഭാവികതയും തോന്നേണ്ട കാര്യമില്ല. 

 

പക്ഷേ....

 

വീണ്ടും അനുപമ എന്റെ ഓട്ടോയിൽ കയറുകയും, എന്നോട് സ്നേഹത്തോടെയും പെരുമാറുകയും ചെയ്തിരുന്നു.

 

ഒരുനാൾ അവൾ ജോലി ചെയ്യുന്ന ട്രാവൽസിൽ കൊണ്ടുവിട്ടപ്പോൾ ചായ കുടിക്കാൻ വരെ ക്ഷണിച്ചു.

 

അനുപമ...!!! 

 

അവൾ തന്നെയാണ് നാല് കത്തുകൾ ....!!!!

 

ഒരുനാൾ അവൾ ജോലി കഴിഞ്ഞ് ഇറങ്ങുന്ന നേരം നോക്കി ഞാൻ ടൗണിലേക്ക് പോയി. ആഗ്രഹിച്ചതു പോലെ വളരെ യാദൃശ്ചികമായി കണ്ടുമുട്ടിയെന്ന രീതിയിലാണ് അവളെ ഞാൻ ഓട്ടോയിലേക്ക് കയറ്റിയത്.

 

''സന്തോഷേട്ടൻ ആളിന്ന് ചെത്തായിട്ടുണ്ടല്ലോ..!!!!!

 

ഓട്ടോ ഓടിക്കുന്നതിനിടയിൽ മുന്നിലെ കണ്ണാടിയിൽ ഞാൻ എന്നേയും അവളേയും ഒരുനൊടി നോക്കി. എന്നിട്ട് ചുണ്ടുകൾ അകത്താക്കി ചിരിച്ചു. 

 

കത്തെഴുതിയത് അവൾ തന്നെയാണെന്ന് എനിക്ക് ഉറപ്പായി.

 

''നമുക്കൊരു ചായ കുടിച്ചാലോ...???

 

അനുപമ എതിരൊന്നും പറയാത്തത് കൊണ്ട് വലിയ തിരക്കൊന്നുമില്ലാത്ത ഒരു ചായക്കടയുടെ മുന്നിൽ ഞാൻ ഓട്ടോ നിർത്തി. ഷർട്ടിന്റെ മേലെയിട്ടിരുന്ന കാക്കി അഴിച്ച് തോളിലിട്ട് രണ്ട് ചായയെന്ന് ഞാൻ പറഞ്ഞു. താമസിയാതെ ചൂട് ചായ ഊതിയൂതികുടിച്ചു ഞങ്ങൾ സംസാരിച്ചു.

 

''എനിക്ക് ആരെയെങ്കിലും ഇഷ്ട്ടമായാൽ നേരിട്ട് പറയാനുള്ള ധൈര്യമൊക്കെയുണ്ട്...''

 

ചില്ല് അലമാരയിൽ നിന്നൊരു സുഖിയൻ എടുത്ത് കടിച്ചുകൊണ്ടാണ് ഞാനത് പറഞ്ഞത്. അങ്ങനെ തന്നെയല്ലേ വേണ്ടതെന്നും പറഞ്ഞ് അനുപമയെന്നെ തള്ളി മാറ്റിയൊരു പഴം പൊരിയെടുത്തു. താനാണ് കത്തെഴുതിയതെന്ന് മറക്കാനുള്ള പെണ്ണിന്റെ അടവാണെന്ന് എനിക്ക് മനസിലായി.

 

മനസ്സിലായില്ലേ...?

 

"എനിക്ക് ഇഷ്ട്ടമാണെന്ന്...''

 

തുമ്പ് കടിച്ച പഴം പൊരിയുമായി അനുപമയെന്നെ ചിമ്മാതെ നോക്കി നിന്നു. ഒടുവിൽ ചിരിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. നേരിട്ട്  പറയാൻ ധൈര്യമില്ലാത്ത പെണ്ണ് തനിക്കും ഇഷ്ട്ടമാണെന്ന് പഴംപൊരിയുടെ കൂടെ നാണവും ചവച്ചുകൊണ്ട് മൊഴിഞ്ഞു. ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്ന് മുട്ടുമ്പോഴുള്ള സുഖം നിമിഷങ്ങളിൽ ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

 

നാളുകൾ കഴിഞ്ഞു. 

 

സന്തോഷേട്ടന് എന്നെ ഇഷ്ട്ടമാണോയെന്ന് ചോദിച്ച് അനുപമ വീണ്ടും പേര് വെളിപ്പെടുത്താത്ത കത്തുകൾ എഴുതി. 

 

ഒടുവിലെ എഴുത്തിൽ താൻ ആരാണെന്ന് അടുത്ത കത്തിൽ മനസ്സിലാകുമെന്നും പറഞ്ഞു. പെണ്ണിന്റെ ഓരോ തമാശ....!!! 

 

അങ്ങനെ ചെയ്യുമ്പോൾ അവൾക്കൊരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടേയെന്ന് കരുതി കൂടുതലൊന്നും ഞാൻ പറയാനും പോയില്ല.

 

അങ്ങനെ.... 

 

നാളുകൾക്കുള്ളിൽ തന്നെ രാഘവൻ മേസ്തിരിയുടെ കാതുകളിൽ ഞങ്ങളുടെ ബന്ധമെത്തി. അതിന്റെ പിറ്റേന്ന് കല്ല്യാണവും ഉറച്ചു. അമ്മ പറഞ്ഞതനുസരിച്ച് അമ്മാവൻ മുഹൂർത്തവും നോക്കി. അപ്പോഴേക്കും ഞാനും അനുപമയും ഞങ്ങളുടെ പ്രേമ ലോകത്തിൽ തമ്പടിച്ചു കഴിഞ്ഞിരുന്നു. എന്റെ മൂന്ന് ചക്രത്തിൽ ഇരുത്തി ഞാൻ അവൾക്ക് കൊടുത്ത മുത്തങ്ങളുടെ എണ്ണമറിഞ്ഞാൽ മുക്കോടിമുക്കിലേയും സദാചാരകാരൊക്കെ ഞെട്ടിപ്പോകുമെന്നത് തീർച്ചയാണ്!!!! 

 

''കയറിക്കോ...''

 

അന്ന് കല്യാണക്കത്ത് അച്ചടിച്ച് കിട്ടിയ നാളായിരുന്നു.  

 

തിരിച്ച് വരുമ്പോൾ പോസ്റ്റോഫീസിൽ ജോലി ചെയ്യുന്ന ബീന കൈ കാട്ടി. ഓട്ടോയിലേക്ക് കയറുമ്പോൾ ഒരു കത്തുണ്ടെന്നും പറഞ്ഞു. അടുപ്പത്തിലായിട്ട് മാസം ഒന്ന് കഴിഞ്ഞില്ലെങ്കിലും കല്യാണക്കത്ത് പുറത്തെത്തി. കാര്യങ്ങൾ പരസ്യമാകാൻ പോകുന്ന വേളയിലും അനുപമ വീണ്ടും കത്ത് അയച്ചിരിക്കുന്നു. അവളുടെയൊരു കാര്യം!!!!! ഞാൻ തനിയേ ചിരിച്ചു. 

 

അതുകണ്ട് വട്ടായിപ്പോയോയെന്ന് ബീന ചോദിച്ചു.

 

എന്റെ വീട് കഴിഞ്ഞ് വരുന്ന സർക്കാർ യൂപി സ്കൂളിന്റെ പരിസരത്താണ് ബീന താമസിക്കുന്നത്. പരസ്പരം അറിയാമെങ്കിലും കൂടുതലൊന്നും ഞങ്ങൾ സംസാരിക്കാറില്ലായിരുന്നു. അന്നെന്തോ ചില തമാശകളൊക്കെ രണ്ടുപേരും പറഞ്ഞു. ഒടുവിൽ ഇറങ്ങാൻ നേരം തീർച്ചയായിട്ടും വരണമെന്ന് പറഞ്ഞ് ഒരു കല്ല്യാണ കത്തെടുത്ത് ഞാൻ അവൾക്ക് കൊടുത്തു.

 

''നമ്മുടെ രാഘവൻ മേസ്തിരിയുടെ മോളാണ്. അനുപമ......!!!!! 

 

ഓർമ്മയില്ലേ... 

അന്നത്തെയാ കത്ത്.. 

അത് ഓളായിരുന്നു...

 

അത്രയും സന്തോഷത്തോടെ ഞാനത് പറഞ്ഞിട്ടും ബീനയുടെ മുഖത്ത് യാതൊരു തെളിച്ചവും ഞാൻ കണ്ടില്ല. കല്ല്യാണ കത്തിൽ വീണ കണ്ണുകളെ തിരിച്ചെടുക്കാൻ പറ്റാതെ റോഡരികിൽ അവൾ അനങ്ങാതെ നിൽക്കുകയാണ്. ഭാവമാറ്റത്തിൽ ചെറുതല്ലാത്തയൊരു സംശയം എനിക്ക് തോന്നി. 

 

''നന്നായി..

അനുപമ നല്ല പെണ്ണാണ്. 

സന്തോഷേട്ടന് ചേരും. 

എന്തായാലും കല്യാണത്തിന് വരാട്ടോ...''

 

എന്നും പറഞ്ഞ്  ബീന തിരിഞ്ഞ് നടക്കുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നുവോയെന്ന് ഞാൻ സംശയിച്ചു. 

 

ശരിയാണ്.

 

കൂടുതലൊന്നും സംസാരിക്കാറില്ലെങ്കിലും ആഴ്ച്ചയിൽ ഒരുവട്ടമെങ്കിലും ഞാൻ ബീനയെ കാണാറുണ്ട്. വല്ലാത്തയൊരു മാനസികാവസ്ഥയോടെ ബീനേയെന്ന് ഞാൻ വിളിച്ചു. ധൃതിയിൽ നടക്കുന്നതിനിടയിൽ അവൾ നിന്നു. വളരേ പതിയേ തിരിഞ്ഞു. അപ്പോഴും എന്റെ കണ്ണുകളിലേക്ക് അവൾ നോക്കുന്നുണ്ടായിരുന്നില്ല.

 

എനിക്ക് കത്തുണ്ടെന്ന് പറഞ്ഞിട്ട്....?

 

അതുകേട്ടപ്പോൾ ബീനയ്ക്ക് ശബ്ദമുണ്ടായിരുന്നില്ല. അത് താൻ വെറുതേ പറഞ്ഞതാണെന്നും പറഞ്ഞ് അവൾ തലയുയർത്തി എന്നോട് ചിരിച്ചു. തുടർന്ന് കരഞ്ഞു പോകുമോയെന്ന് തോന്നിയതു കൊണ്ടായിരിക്കണം തിരിഞ്ഞുപോലും നോക്കാതെ അവൾ ഓടിയകന്നത്...!!!

 

kathu - malayalam story

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.