കഥ : സ്വർഗം പോലൊരു ബാല്യം
രചന : നമിൽ
അമ്മേ..... പരീക്ഷ കഴിഞ്ഞു, സ്കൂൾ പൂട്ടി... ഫുട്ബോളും ബൂട്ടും വാങ്ങി തരാമെന്ന് പറഞ്ഞത് മറക്കണ്ടാട്ടോ...
ഇതൊക്കെ വാങ്ങി തരാം പക്ഷേ തല്ലുകൂടാതെ കളിക്കണംട്ടോ എന്ന് മക്കളോട് പറഞ്ഞ് ഫോൺ വെച്ചു......
രാത്രി കിടക്കാൻ നേരം ഇടക്കിടെ തോന്നുന്ന നഷ്ടംബോധം ഉറക്കം കളയാൻ വന്നു........
ഒരിക്കൽ കൂടി ബാല്യത്തിലെന്നപോലെ പാറി പറന്നു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.......
വേനലവധിയിൽ തെളിനീര് പോലെ വെള്ളമുള്ള കുളത്തിൽ കൂട്ടുകാരുടെയും, മേമമാരുടെയും, കൂടെ ചെമ്പരത്തിതാളിയും, പച്ചമഞ്ഞളുമെല്ലാം എടുത്ത് കുളിക്കാൻ പോകാനും....
കുപ്പിയിൽ തോർത്തു കൊണ്ട് മീൻ പിടിച്ചു ഇടാനും, മേമമാരുടെ അലക്ക് കഴിയുന്നവരെ മഞ്ഞളൊക്കെ തേച്ച് അടുത്ത പറമ്പിൽ കയറി ജാതിക്കയും പേരക്കയുമൊക്കെ പറിക്കാനും വീട്ടുകാർ കണ്ടാൽ ഓടാനും, ഓട്ടത്തിനിടയിൽ വീണു കാലും കയ്യും പൊട്ടുമ്പോൾ കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് പുരട്ടുമ്പോൾ അലറി കരയാനും, കുളിയൊക്കെ കഴിഞ്ഞ്, കുളത്തിന്റെ അടുത്ത് വെച്ച് തന്നെ പോണ്ട്സ് പൌഡർ വാരി പൊത്തി കണ്ണൊക്കെ എഴുതി, പൊട്ട് തൊട്ട് ഞങ്ങൾ കളിച്ചിട്ട് വരാമെന്ന് മേമമാരോട് പറഞ്ഞു കൂട്ടുകാരോടൊപ്പം കളിക്കാൻ പോകാനും....
ആൾ മറയില്ലാത്ത കിണറിന്റെ വശത്ത് നിൽക്കുന്ന ചെടി പറിച്ച് കയ്യിൽ പരസ്പരം ഡിസൈൻ ചെയ്യാനും....
കള്ളനും പോലീസും, അച്ചുകുത്തിയും, മേടാസും, ആകാശവും ഭൂമിയും, ആരു വന്നു കയ്യടിക്കും കളിയും, വട്ടം വട്ടം നാരങ്ങയും, ആരുടെ കയ്യിൽ മോതിരവും കളിക്കാനും അങ്ങനെ കളിച്ച് കളിച്ച് തല്ലു കൂടി ഈർക്കിൽ എടുത്ത് മുറിച്ച് ഇനി ഇത് കൂടുന്നത് വരെ നിങ്ങളോട് ഞാൻ മിണ്ടില്ല എന്നും പറഞ്ഞു കരഞ്ഞു വീട്ടിലേക്ക് പോകാനും......
പിറ്റേ ദിവസം മുറിച്ചിട്ട ഈർക്കിൽ കണ്ട് പിടിച്ചു ഒരുമിച്ച് പിടിച്ചു പിണക്കം മാറ്റി ഉപ്പിലിട്ട ലൂവിക്കയും ജാതിക്കയുമൊക്കെ കൊടുത്തും വാങ്ങിയും വീണ്ടും കളങ്കമില്ലാത്ത സ്നേഹത്തോടെ കൂട്ടുകൂടാനും, ഉണങ്ങിയ ഓലചുറുമ്പലും തേക്കിന്റെ കൂമ്പും ഇട്ട് മയിലാഞ്ചിയില അരച്ച് കയ്യിൽ ഇടാനും ആരുടെ കൈയ്യിൽ ഇട്ടതാണ് കൂടുതൽ ചുവന്നതെന്ന് നോക്കാനും, ഞങ്ങൾക്കായി വിരിയുന്ന മുല്ലപ്പൂവും, പിച്ചിയും, കനകാംബരവും കോർത്തു മുടിയിൽ വെക്കാനും, തലമുടി ഈരി വൃത്തിയാക്കാൻ അമ്മൂമ്മ വിളിക്കുമ്പോൾ ഇപ്പൊ വരാമെന്ന് പറഞ്ഞു ഓടാനും...
ഐസ്ക്കാരൻ വരുമ്പോൾ പെറുക്കി എടുത്ത് വെച്ച കശുവണ്ടി കൊടുത്ത് ഐസ് വാങ്ങാനും, സേമിയ ഐസ് തരുമ്പോൾ എനിക്ക് വേണ്ട പുഴു ഐസ് എന്നും പറഞ്ഞു മുന്തിരി ഐസ് വാങ്ങാനും.
ഇടക്ക് പെയ്യുന്ന വേനൽമഴക്ക് ശേഷം ആരെയെങ്കിലും വിളിച്ചു കിളിക്കൂട് കാണിച്ച് തരാമെന്ന് പറഞ്ഞ് മരത്തിന്റെ അടിയിൽ നിർത്തിയിട്ട് ആ മരം കുലുക്കി നനയിപ്പിക്കാനും, അവർ തല്ലാൻ വരുമ്പോൾ ഒരൊറ്റ ഓട്ടം ഓടാനും....
പഴുത്ത പ്ലാവില എടുത്ത് തൊപ്പിയും, ബെൽറ്റുമൊക്കെ ഉണ്ടാക്കി കള്ളനും പോലീസും ഓടി കളിക്കാനും... വെള്ളിയാഴ്ചകളിൽ പഞ്ചായത്ത് കിണറിന്റെ വക്കിൽ പുതിയ സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ വരുമ്പോൾ കൗതുകത്തോടെ ഓടി ചെല്ലാനും....
ഇടക്ക് ഒരു അപ്പൂപ്പൻ പാടത്തേയ്ക്ക് കൊണ്ടു പോകുന്ന താറാവിൻ കൂട്ടങ്ങളുടെ കൂടെ കൂടാനും, ഒട്ടോട്ടാ കിളിയുടെ മുട്ട നോക്കി പാടത്തു നടന്നു അവസാനം വെള്ളത്തിൽ വീഴാനും.....
അങ്ങനെ അങ്ങനെ...... പറഞ്ഞാൽ തീരാത്ത തല്ലുകൊള്ളിതരങ്ങൾ ഒപ്പിച്ചിരുന്ന ബാല്യകൗമാരത്തിലേക്ക് ഒരിക്കൽകൂടി പോകാൻ കഴിഞ്ഞെങ്കിൽ.......
മക്കളെ സംബന്ധിച്ച് അവരുടെ കാലഘട്ടം വേറെയാണ്, അവരുടെ ബാല്യവും.....
പക്ഷേ എന്നെ സംബന്ധിച്ച് അവർക്ക് അനുഭവിക്കാൻ കഴിയാത്ത, ഒരിക്കലും എനിക്ക് തിരിച്ചു കിട്ടാത്ത സ്വർഗതുല്യമായ കാലവും....