കഥ : ഓർമ്മകളിൽ തനിയെ
രചന : രാംമോഹൻ കരോട്ട്
മുല്ലപ്പൂവിന്റെ സുഗന്ധം വാരി വിതറിയ കല്പാത്തി ആഗ്രഹാരവും, താരേക്കാട് ഗ്രാമ പ്രദേശവും, എല്ലാം എന്നെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടെത്തിക്കുന്നു. കുളിച്ചു കുറിയും തൊട്ട് അയൽപക്കത്തെ കൂട്ടുകാരനോടൊപ്പം ചക്ക്രം ഉരുട്ടി നടന്ന വീചികൾ എത്ര സുന്ദരമായിരുന്നെന്നോ..!!!
വള്ളി പൊട്ടിയ നിക്കറിന്റെ അറ്റങ്ങൾ കോർത്തിണക്കി, കയ്യിൽ ഒരു കൊട്ടുവടിയുമായി രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ ഒരു സമയമാവും തിരികെയെത്തുവാൻ. നെൽക്കതിരുകൾ വിളഞ്ഞു നില്ക്കുന്ന പുഞ്ച പാടങ്ങളും താണ്ടി, തെങ്ങിൻ തോപ്പുകൾ കടന്ന് പച്ചപ്പായൽ നിറഞ്ഞ കുളക്കരയിലൂടെയെല്ലാം ചുറ്റി സഞ്ചരിച്ചാവും മിക്കവാറും വീട്ടിൽ എത്തുക. മാലതി അമ്മയുടെ പറമ്പിൽ കയറി ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾ ചക്കയും മാങ്ങയും തേങ്ങയും ഒക്കെ മോഷ്ടിച്ച് കഴിയ്ക്കാറുണ്ടായിരുന്നു ഒഴിവു സമയങ്ങളിൽ. അന്നേരങ്ങളിൽ കൊപ്പത്ത് ഉള്ള നായരുടെ കടയിൽ പോയി അരി പൊടിക്കാനും, മാവ് ആട്ടാനും കൊടുക്കാൻ പോകുന്നത് ഒരു ആഘോഷത്തോടു കൂടിയാണ്.
കൂട്ടുകാരൻ ബൈജുവുമൊത്തു കണാരേട്ടന്റെ കടയിൽ കയറി പല നിറങ്ങളിലുള്ള മിട്ടായികൾ വാങ്ങി പോക്കറ്റ് നിറച്ചാവും ഞങ്ങളുടെ ആ കൊച്ചു യാത്രയുടെ തുടക്കം. വരുന്ന വഴി കനാലുകളിലൂടെ ഒഴുകി നീങ്ങുന്ന കണ്ണൻ മീനുകളെ തോർത്ത് ചുറ്റി പിടിക്കാറുണ്ട് ചില വേളകളിൽ.
ഞങ്ങൾ താമസിച്ച സുലൈമാനിക്കായുടെ വീടിന്റെ തുടക്കത്തിലായി, കുറച്ചു ബാച്ചിലേഴ്‌സ് താമസിച്ചിരുന്നു. നാടുകാരുടെ പ്രിയപ്പെട്ട മാമന്മാര് ആയിരുന്നു അവർ. ആർക്ക് എന്ത് സഹായം വേണ്ടുമ്പോഴും, ചെറുപ്പവലുപ്പമില്ലതെ എല്ലാത്തിനും മുന്നിട്ടിറങ്ങാൻ അവരെപ്പോഴും ഉണ്ടായിരുന്നു. ഞായറാഴ്ച്ചകളിൽ മാമന്മാരുടെ പാചകം ഞങ്ങൾ കുട്ടികൾക്ക് ഒരു ആവേശം തന്നെയായിരുന്നു. മുളങ്കാടുകൾക്ക് മുന്നിലൂടെ നടന്നു നീങ്ങുന്ന മാത്രയിൽ അടുപ്പത്തിരിക്കുന്ന മീൻ കറിയുടെയും, ഇറച്ചിക്കറിയുടെയും വാസന മൂക്കിലൂടെ തുളച്ചു കയറുന്ന മാത്രയിൽ കുട്ടികൾ ഓരോരുത്തരായി ഒരു പാത്രം എടുത്തു ഇരുപ്പു ഉറപ്പിച്ചിട്ടുണ്ടാവും അവിടെ.
അതുപോലെ തന്നെ ഓണവും, വിഷുവും, സങ്ക്രാന്തിയും, ക്രിസ്തുമസ്സും എല്ലാം തന്നെ ഞങ്ങൾ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ആഘോഷിച്ചിരുന്നു. ശിവരാത്രി നാളുകളിൽ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ആ കൊച്ചു നാടിന്റെ മണ്ണിൽ കലാപരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു. പാട്ടും നൃത്തവും അരങ്ങു തകർക്കുന്ന വേളയിൽ അന്നാട്ടിലെ കുടുംബങ്ങൾ എല്ലാം തന്നെ ഒരു കൂട്ടമായി അണിചേരും.
താളനിബിഡമായ മഴയുടെ ഈണത്തിനൊത്ത് സൈക്കിൾ സവാരി നടത്തുമ്പോൾ മനസ്സിലാകെ എന്തെന്നില്ലാത്ത ആഹ്‌ളാദം ആണ്. നനുത്ത ഭൂപ്രകൃതിയുടെ കരവലയങ്ങളിലൂടെ പാലക്കാടൻ കാറ്റിന്റെ സുഗന്ധവും പേറി ഏതോ ഒരു ഓളത്തിന് എന്നോണം യാത്ര ചെയ്യുവാൻ ഞാൻ ഏറെ കൊതിച്ചിരുന്നു..!!!
ഇന്നും നിറഞ്ഞ മനസ്സുമായി ആ ബന്ധങ്ങൾ ഓരോന്നും കൊണ്ടു നടക്കുവാനാകുന്നതിൽ വളരെയധികം ചാരിഥാർഥ്യം ഉണ്ടെനിയ്ക്ക്..