കഥ : കാലം
രചന : ജുമൈല വാരിക്കോടെന്
മകൾ തിരിച്ചുവരികയാണെന്ന് പറഞ്ഞ് വിളിച്ചപ്പോൾ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്തു പറയാനാണ്, വളരെയേറെ ആലോചിച്ചിട്ടായിരിക്കും അവൾ അങ്ങനെ തീരുമാനിച്ചതെന്ന് അവൾക്കറിയാം. തിരിച്ചു വന്നാൽ അവൾക്കും മക്കൾക്കും താനൊരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചാണ് അപ്പോൾ അവൾ ഓർത്തത്.
കിടക്കാൻ ഒരു മുറി പോലും കൊടുക്കാനില്ലാത്ത ഈ വീട്ടിലേക്ക് വരാതിരിക്കാൻ വേണ്ടിയാണ് മകൾ കഴിഞ്ഞ പത്തുവർഷവും ശ്രമിച്ചതെന്ന് അവൾക്കറിയാം. എന്നിട്ടും ഒടുവിൽ അവളുടെ തീരുമാനം.
അതിലേക്ക് തന്നെ എത്തിയിരിക്കുന്നു. പത്തുവർഷത്തെ സമ്പാദ്യമായി രണ്ടു മക്കളെയും കിട്ടിയിരിക്കുന്നു എന്നത് ലാഭത്തിന്റെ കണക്കിലാണോ നഷ്ടത്തിന്റെ കണക്കിലാണോ എഴുതിച്ചർക്കേണ്ടത് എന്നവൾ ചിന്തിച്ചു. ഒരു പെണ്ണിനോട് മറ്റൊരു പെണ്ണിന് ദുരിതങ്ങളുടെ കഥ പറയാൻ എളുപ്പമാണ്. ഓരോ പെണ്ണും അനുഭവിച്ചു പോകുന്നതായതുകൊണ്ട് അത് പെട്ടെന്ന് മനസ്സിലാവും.
''ഇതൊക്കെ എല്ലാവരും അനുഭവിക്കുന്നതല്ലേ'' എന്നുള്ള ഒരു നിസ്സംഗതയിലേക്ക്. ഓരോ അമ്മമാരും മക്കളെ തള്ളി വിടുന്നത്.
അവർക്ക് ഒരുക്കിക്കൊടുക്കാൻ സാധിക്കാത്ത സൗകര്യങ്ങളെക്കുറിച്ച് ഓർത്തായിരിക്കും. ഭർത്താവിന്റെയോ മക്കളുടെയോ കയ്യിൽ നിന്നും അരിഷ്ടിച്ചൊഴുകുന്ന ചെലവുകാശിലേക്ക് എങ്ങനെയും തിരുകക്കയറ്റാൻ കഴിയാത്തത് കൊണ്ടാണ് സ്വന്തമായി വരുമാനമില്ലാത്ത ഓരോ അമ്മമാരും കല്യാണം കഴിച്ചു വിട്ട തങ്ങളുടെ പെൺമക്കൾ ഭർത്താവിന്റെ വീട്ടിൽ സുഖമായി ജീവിക്കുന്നു എന്ന് വൃഥാ വിശ്വസിക്കുന്നത്.
ഉള്ളു പുകയുകയാണ്. എങ്കിലും, വർഷങ്ങൾക്കപ്പുറം തനിക്കിങ്ങനെ പറയാൻ പോലും കഴിയുമായിരുന്നില്ല എന്നോർത്തപ്പോൾ മകളോട് ''നീ വന്നോളൂ'' എന്നവൾ പറഞ്ഞു. അങ്ങനെ ഒരുറപ്പ് അവളുടെ അമ്മയിൽ നിന്നല്ലാതെ വേറെ എവിടെ നിന്നാണവൾക്ക് കിട്ടേണ്ടത് ...???
ആ ഉറപ്പ് കിട്ടാത്ത എത്രയോ പെൺ ജീവിതങ്ങൾ ഗ്യാസ് പൊട്ടിത്തെറിച്ചും കിണറ്റിൽ വീണും മരിച്ചു പോകുന്നുണ്ടിപ്പോഴും.
അവൾ വരട്ടെ... ഒട്ടും പൊരുത്തപ്പെട്ടു പോകാനാവാത്ത വിധത്തിൽ കുടുംബജീവിതം ചുമന്നു നടുവൊടിയുന്നതിനേക്കാൾ നല്ലത് കുറച്ചു ശുദ്ധവായു എങ്കിലും ശ്വസിക്കാമല്ലോ ...
പിന്നെ, വാ കീറിയ ദൈവം ഒരു വഴി കണ്ടുവെക്കുമെന്നാണല്ലോ ...
