ടൂത്ത്‌ ഫെയറി



രചന : അജയ്‌ മേനോൻ


ജിയ മോൾക്ക്‌ ഡെന്റിസ്റ്റിനെ ഇഷ്ടല്ല. എന്താ കാര്യം എന്നറിയാമോ ? കഴിഞ്ഞ കൊല്ലം ഓണത്തിന്റെ പിറ്റേന്നാണെന്ന് തോന്നുന്നു, ശർക്കരവരട്ടുപ്പേരി തിന്നപ്പൊ ജിയമോൾടെ പല്ല് ഠപ്പേന്ന് പേർന്ന് ആടാൻ തൂടങ്ങി . ത്തിരി വേദനിക്കേം ചെയ്തു.


മോളു കരഞ്ഞപ്പ അപ്പൂപ്പൻ വന്നെട്ത്ത്‌ മുറ്റത്തൊക്കെ കൊണ്ടോയി. ന്ന് ട്ടേന്താ, അമ്മേണ്ടല്ലോ, കൊണ്ടൊയതാ ഡെന്റിസ്റ്റിന്റട്ത്ത്‌, അപ്പൂപ്പൻ കൊറെ പറഞ്ഞു വേദനിക്കാണ്ടെ അപ്പൂപ്പൻ പറിച്ച്‌ തരുംന്ന്. അമ്മ സമ്മയ്ക്കണ്ടെ. ഒരു കൊമ്മ.


ഹും...... 


ഡെന്റിസ്റ്റ്‌ ഡോക്റ്റരാത്രെ. പക്ഷെ കയ്യിലുള്ളത്‌ സ്റ്റെതസ്കോപ്പല്ലാന്ന് മാത്രം. ഒരു ചവണ പോലിള്ളൊരു സാധനം. ന്ന് ട്ട്‌ മോളെ പിടിച്ച്‌ ചാഞ്ഞ കസേരേമ്മലു ഇരുത്തി, ഡോക്റ്ററുടെ തലേൽ ടോർച്ച്ണ്ട്‌. അതും കത്തിച്ച്‌ ലെൻസ്‌ വച്ച കണ്ണടേക്കൂടെ നോക്കുമ്പൊ ഡാകിനീന്യ ഓർമ്മ വര്യ. അങ്കിൾ പിന്നെ ഒരു സ്പൂൺ എട്ത്ത്‌ മോൾടെ പല്ലിലൊക്കെ തട്ടി, പിന്യാ ഇൻജക്ഷൻ വച്ചത്‌. മമ്മ (ശ്ശ്‌. പുറത്ത്‌ പോയാൽ അമ്മാന്ന് വിളിച്ചൂടാ, അമ്മക്ക്‌ കലി വരും) മോൾടെ രണ്ട്‌ കൈയ്യും അമർത്തിപ്പിടിക്കേണ്ടായി. മോൾ കരഞ്ഞു. നന്നായി വേദനിക്കേം ചെയ്തു,. കയ്യിപ്പിടിച്ചിരുന്നോണ്ടാ. ഇല്ലങ്കി ആ ഡോക്റ്റർക്ക്‌ നല്ല കടി വച്ച്‌ കൊടുത്തെന്നേൻ. ന്ന് ട്ട്‌ കൊറച്ച്‌ കഴിഞ്ഞ്‌ ആ ചവണ ഇട്ട്‌ മോൾടെ പല്ല് വലിച്ചെടുത്തു. അത്‌ കാണിക്യേം ചെയ്തു . അത്‌ കഴിഞ്ഞ്‌ ഡോക്റ്ററങ്കിൾ അത്‌ കുപ്പേലിക്കിട്ടു. മോൾക്ക്‌ വല്ലാത്ത സങ്കടായിരുന്നു.


ടീച്ചർ പറഞ്ഞൂലോ പഴേ പല്ല് സൂക്ഷിച്ചു വച്ചാൽ രാത്രി ടൂത്ത്‌ ഫെയറി വരുന്ന്. ന്ന് ട്ട്‌ പുത്യേ പല്ല് തരൂത്രെ. ഡോക്റ്റർ അങ്കിൾ ദുഷ്ടനാ. മോൾടെ പഴേ പല്ല് കുപ്പേലിട്ടില്ലേ. അത്‌ തലോണക്കടീൽ വെച്ചാലല്ലേ ടൂത്ത്‌ ഫെയറി വന്ന് പുത്യേ പല്ല് തരൂ..... അന്ന് മോൾ രാത്രി മുഴോൻ കരഞ്ഞുപിറ്റേന്ന് പനീം വന്നു. 


"ഇനി മോൾക്ക്‌ പുത്യേ പല്ല് കിട്ടില്യാല്ലേ മുത്തച്ഛാ "


പനിച്ച്‌ കെടക്കുമ്പ മോൾ ചോയ്ച്ചു.


അയ്യേ. ദാരാ മോളോട്‌ കള്ളം പറഞ്ഞേ.........? മുത്തച്ഛനു ചിരി....


പിന്നെ മൂന്ന് ദിവസം കഴിഞ്ഞാ പനി മാറീത്‌. സ്കൂളിലും പോയില്യ,  ഉമ്മർത്തെ പല്ലാ പോയത്‌.


പിന്നെ സ്കൂളിൽ പോയപ്പോ സുകൂം രമേശും ഒക്കെ കളിയാക്കി. ജിയേടെ പല്ല് എലികൊണ്ടോയ്യെന്നും പറഞ്ഞ്‌, നല്ല അടി മേടിച്ച്‌ കൊട്ക്കണം ചെക്കമ്മാർക്ക്‌. മൊബെയിലിൽ കുത്ത്ണ്ടായിരുന്ന അമ്മോട്‌ പറഞ്ഞപ്പോ  അമ്മക്ക്‌ ദേഷ്യം വന്നു.


"ജിയാ വെറുതെ ശല്യം ചെയ്യാതെ പൊയി ഹോം വർക്ക്‌ ചെയ്യ്‌".....


അമ്മ്യല്ല കൊമ്മ്യാ.... 


മോൾ കൊഞ്ഞനം കാണിച്ചിട്ട്‌ ഓടിപ്പോയി, അച്ഛൻ വരൂലോ നാളെ. ഞാൻ പറഞ്ഞു കൊട്ക്കും. 


പിറ്റേന്ന് വൈകിട്ട്‌ അച്ഛനെത്തി. മുംബയിൽ നിന്നും കുറെ ചോക്കലേറ്റ്സ്‌. പിന്നെ പുതിയ ബാർബീ കിറ്റ്‌ അങ്ങനെ കൊറേ സാധനങ്ങൾ ണ്ടായിരുന്നു. മോൾ അച്ഛന്റെ മടീത്തന്യായിരുന്നു പിന്നെ.


അപ്പഴാണു അച്ഛൻ മോൾടെ പല്ല് പറിച്ചത്‌ കണ്ടത്‌. ഇദെപ്പഴാ മോളൂ ഈ പല്ല് പോയത്‌.


അച്ഛൻ ചോയ്ച്ചപ്പോ മോൾക്ക്‌ കരച്ചിൽ വന്നു. പിന്നെ ഒക്കെ പറഞ്ഞു കൊട്ത്തു.


"ഇനി ഇവിടെ മോൾക്ക്‌ പല്ല് വരില്യേ അച്ഛാ"

മോൾ പല്ല് പൊയതോണ്ണിൽ തൊട്ട്‌ ചോദിച്ചു.............?


എന്തൊക്യാ ബിന്ദൂ നീ ഇവൾടെ തലേൽ കേറ്റിവച്ചിരിക്കണെ, ഹ ഹ" അച്ഛൻ ചിരിച്ചു. 


എന്നിട്ട്‌ പഴയതെന്തോ ഓർത്ത്‌ അങ്ങനെ, അത്‌ തന്റെ കുട്ടിക്കാലം. മുറ്റത്തെ നെല്ലി മരത്തീക്കേറി നെല്ലിക്ക പറിച്ച്‌ തിന്നുമ്പഴാ അത്യാഹിതം. അണപ്പല്ല് ഇളകി ആടാൻ തുടങ്ങി, കുറച്ച്‌ ചോരേം വന്നു. അമ്മ അടുക്കളേൽ ദോശ ണ്ടാക്കുന്നു. പിന്നീക്കൂടെച്ചെന്ന് അമ്മേടെ മുണ്ടിന്റെ കോന്തല വലിച്ച്‌ പറഞ്ഞു. 


"അമ്മേ ന്റെ പല്ല് ആട്ണു. ചോരീം വന്നു" 


" ആഹാ , ഏതുപല്ലാ ? വായ തൊറക്ക്‌. നോക്കട്ടെ.....


മനസ്സില്ലാമനസ്സോടെ വായ തുറന്നു. അമ്മ ഒരോ പല്ലും തടവി നോക്കി.


"ഹും ഇത്‌ നന്നായി ആടണിണ്ട്‌ ബാ... ഇപ്പ പറിച്ച്‌ തരാം"


പല്ല് പറിക്യാന്ന് കേട്ട്പ്പൊ ഒറ്റ ഓട്ടം വച്ച്‌ കൊട്ത്തു. അമ്മണ്ടോ വിടണു, പിന്നാലെ ഓടിച്ചിട്ട്‌ പിടിച്ചു, ന്നിട്ട്‌ ഉമ്മർത്തെ കസേരേമ്മെ പിടിച്ചിരുത്തി അനങ്ങാണിരുന്നോ, ന്നാ വേദനിക്കാണ്ട്‌ പറിച്ച്‌ തരാം.


അമ്മ പറഞ്ഞത്‌ കേട്ടില്ലെങ്കി നല്ല കിഴ്ക്ക്‌ കിട്ടും ഒറപ്പാ, പിന്ന്യീം അച്ഛനാ തന്നെ കൊഞ്ച്വാ, തുന്നണ നൂലോണ്ട്‌ ഒരു കുരുക്ക്‌ ണ്ടാക്കി അമ്മ പല്ലിൽ കോർത്തു. പിന്നെ ഒറ്റവലി..........,


"ദാ കേടക്കുണു പല്ല് നൂലിമ്മെ" 


കൊറച്ച്‌ ചോര വരേണ്ടായി. 


അമ്മ് ഉപ്പുവെള്ളം കൊണ്ട്‌ കുലുക്കുഴ്യേപ്പിച്ചു. പിന്നെ ഒട്ടും വേദനീല്ലായിരുന്നു. പല്ല് അമ്മ അപ്പത്തന്നെ ചാണകത്തീപ്പൊതിഞ്ഞ്‌ പൊരക്ക്‌ മേലെ ഇട്ടു.


അതെന്തിനാമ്മെ അങ്ങനെ ചെയ്തെ........?


താൻ ചോദിച്ചപ്പോ അമ്മ പറഞ്ഞത്‌ ഓർമ്മ....


"ദൈവം വന്നു  പഴേ പല്ല് കൊണ്ടോകൂത്രെ". 


പിന്നെ പുതിയ പല്ല് തരുന്ന്.. പിന്നെ ദിവസവും രാവിലെ പല്ല് പുരയ്‌ക്കു മുകളിൽ അവിടെ ത്തന്നെ ഉണ്ടോന്ന് നോക്കും. അത്‌ അവടെത്തന്നിണ്ട്‌ അമ്മേ. ദൈവം ന്താ കൊണ്ടോകാത്ത്‌. അരി കഴുകിയിടുന്ന അമ്മക്ക്‌ ദേഷ്യം വന്നില്ല. അന്ന് തന്റെ പിറന്നാളായിരുന്നു. എങ്ങന്യാ ദേഷ്യപ്പെടാ അല്ലെ........??? അമ്മ പറഞ്ഞു. കൊണ്ടോവും നോക്കിക്കൊ, പിന്നെയും ദിവസങ്ങൾ കഴിഞ്ഞു.


ഒരു രാത്രി നല്ല മഴ പെയ്തു താൻ നല്ല ഉറക്കമായോണ്ട്‌ ഒന്നും അറിഞ്ഞില്ല. പിറ്റേന്ന് പല്ല് കണ്ടില്യ..., 


അമ്മേ പല്ല് ദൈവം കൊണ്ടോയി. 


ഇനി നിക്ക്‌ നല്ല പല്ല് കൊണ്ടത്തരും ല്യേ മ്മേ............?


ഉം..... 


കൊണ്ടരും.


അമ്മ പറഞ്ഞു......


ജിയാ മോളെ അത്പോലെ നെനക്കും കൊണ്ടരും നല്ല കീരിപ്പല്ല്..


ജിയമോൾടെ പല്ലില്ലാത്ത ആ ചിരി കണ്ടപ്പോ ഓർത്തുപോയി. ടൂത്ത്‌ ഫെയറി നമ്മുടെ മക്കൾക്ക്‌ പരിചയമാണു.


പക്ഷെ........ 


ചാണകത്തിൽ പൊതിഞ്ഞ പല്ല് കൊണ്ടുപോയി മാറ്റിത്തരുന്ന ദൈവങ്ങൾ നമ്മുടെ മക്കൾക്ക്‌ അപരിചിതവും..............!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.